Wednesday, July 6, 2022

 

ജന്മാന്തരങ്ങളിലേയ്ക്കൊരു വാതില്‍


സ്വപ്നം, എന്നുമെനിക്ക് മരീചികയായിരുന്നു.

 ആള്‍പ്പോര്‍ട്ടിനെയും വിറ്റാകര്‍നെയും കീഴടക്കി സ്വപനത്തെക്കുറിച്ച് ഞാന്‍ എന്റെതായ ഒരു വ്യാഖ്യാനമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.എന്നിട്ടും സ്വപ്നം കാണുക എന്നത് എന്റെ സ്വപ്നമായി അവശേഷിച്ചു കൊണ്ടിരുന്നു. അത് മിക്കപ്പോഴും എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

ബെക്കാഡി റം എന്നും എന്നെ നോക്കി കളിയാക്കും.... ഇന്നെ‍ങ്കിലും ?

കത്തി തീര്‍ന്ന് മരിച്ചു കൊണ്ടിരിക്കുന്ന സിഗരറ്റും കളിയാക്കും …...ഇന്നെ‍ങ്കിലും ?

എന്നാലുമെനിക്ക് സങ്കടമില്ലായിരുന്നു. കാരണം അവരായാരിന്നു എന്റെ കൂട്ടുകാര്‍...ദോഷികള്‍ എന്ന് നിങ്ങള്‍

വിളിക്കുമ്പോഴും എനിക്കവര്‍ നിര്‍ദ്ദോ‍ഷികള്‍ ആയിരുന്നു, കൂട്ടുകാരും..

ബെക്കാഡി റം ചുണ്ട് നനച്ചത് സിഗരേറ്റിന് ഇ‍ഷ്ടായില്ലാന്ന് തോന്നുന്നു. ശ്വാസകോശത്തെ ഒന്ന് വിറപ്പിച്ചാണ് മൂപ്പര്‍ പ്രതികാരം ചെയ്തത്. അവര്‍ തമ്മില്‍ ആരോഗ്യപരമായ മത്സരം മാത്രമാണ്.. ചെറിയ ലഹരിക്കാരനും വലിയ ലഹരിക്കാരനും തമ്മിലുളള ആരോഗ്യപരമായ മത്സരം. ഇന്‍റര്‍നെറ്റില്‍ സ്വപ്നത്തെകുറിച്ചുളള ഗവേഷണ പ്രബന്ധങ്ങളിലൂടെ കടന്നു പോകവെ ഉറക്കം തൂക്കിയെടുത്തോയെന്ന് ഒരു സംശയം... കമ്പ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ചെയ്തത് ഓര്‍മ്മയുണ്ട്. ഒരു പക്ഷെ ബെക്കാഡി ഷൂട്ട് ചെയ്തതാകാം.

കിടക്കയിലേയ്ക്ക് മറ‍ഞ്ഞ എന്നെ സ്വപ്നം നിറങ്ങള്‍ വാരി ചാര്‍ത്തി കര്‍ണ്ണാടകയിലെ പ്രാചീന സുന്ദരമായ നഗരത്തിലൂടെയാണ് കൊണ്ടു പോയത്.

നിറങ്ങളില്ലാത്ത സ്വപ്നം, ജീവന്‍ നഷ്ടപ്പെടുന്ന മനു‍ഷ്യന്റെ അവസാന നിമിഷത്തിനു തുല്യമെന്ന സിദ്ധാന്തം

ആള്‍പ്പോര്‍ട്ടില്‍ നിന്നുമറി‌ഞ്ഞതു കൊണ്ടാകാം നിറങ്ങള്‍ വാരിയെറിഞ്ഞെന്നെ മൂപ്പിലാന്‍ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചത്.കറുപ്പും വെളുപ്പുമുളള പാറകള്‍ക്ക് പല തരം നിറങ്ങള്‍...മരത്തിലെ പച്ചിലകള്‍ക്ക് പകരം പല നിറത്തിലുളള ഇലകള്‍....ഇവ എന്നെ ആശ്ചര്യത്തോടൊപ്പം സന്തോഷവാനുമാക്കി. പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു ചുകന്ന ദ്രാവകം അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു.കൈകുമ്പിളില്‍ കോരിയെടുത്തപ്പോള്‍ റെഡ് വൈന്‍ ആണെന്ന് തോന്നി.തണുത്ത റെഡ് വൈന്‍...

ഒരു പത്ത് മിനിട്ടു നിറങ്ങളുടെ ലോകത്ത് നടന്നപ്പോഴെക്കും പിന്‍വിളി വന്നു.

"ഹേയ് എന്നെ രുചിക്കാതെ യാത്രയാകുകയാണോ ?”

അതെന്റെ തോന്നലായിരുന്നു. വേണമെങ്കില്‍ സ്വപ്നത്തിലെ തോന്നല്‍ എന്നു പറയാം.അവിടെ നിന്നും പിറകോട്ട് നീങ്ങി നിറമുളള പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന ചുകന്ന ദ്രാവകം ആവോളം ഞാന്‍ മൊത്തികുടിച്ചു. വീണ്ടും ലഹരിയിലൂടെ..സ്വപ്നത്തിലെ ലഹരിയിലൂടെ...

ഹൃദ്യമായ ഗാനമായിരുന്നു എന്റെ മൊബൈല്‍ റിംഗ്ടോണ്‍.അതൊന്നുറക്കെ പാടി.

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ …..

ആദ്യത്തെ റിംഗിന് ഫോണ്‍ എടുക്കുന്ന ശീലമില്ലാത്തതിനാല്‍ അത് മുറിഞ്ഞവസാനിച്ചു.

ആ പാട്ടൊന്നു മുഴുവനും കേള്‍ക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ രണ്ടാമത്തെ കാള്‍ ആ ശ്രമം അവിടെ അവസാനിപ്പിച്ചു.

അപ്പുറത്ത് എന്റെ സുഹൃത്ത്,മിഥുന്‍.

"നീ എവിടെയാ?”

കര്‍ണ്ണാടകയില്‍.

മറുപുറത്ത് ശബ്ദം ഗാംഭ്യീര്യമായി

"ശ്രുതി യാത്രയായി ...

നീ പെട്ടന്ന് മടങ്ങണം.

താമസിക്കരുത്

അവസാന സമയം വരെ നിന്നെ കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു”

മിഥുന്റെ ആ വാക്കുകള്‍.... അത് എന്റെ ലഹരിയെ ഒറ്റ ശ്വാസത്തില്‍ വലിച്ചു പുറത്തിട്ടു.

പിന്നീട് അവളെ കാണല്‍ മാത്രായിരുന്നു എന്റെ ലക്ഷ്യം.

ഓടാന്‍ ശ്രമിച്ചു ഞാന്‍...ഓടി...പക്ഷെ കാലുകള്‍ ഒന്ന് പിന്നോട്ടും ഒന്ന് മുന്നോട്ടും നീങ്ങിയില്ല.രണ്ടും ഒരേ ദിശയില്‍

പിന്നെ നടക്കാന്‍ ശ്രമിച്ചു

അതും വിഫലമായി ..

പിന്നെ ഇഴയാന്‍ ശ്രമിച്ചു. അത് വിജയിച്ചു.

ഒരു പാമ്പായി... ഒരു പക്ഷെ ലഹരിയില്ലാത്ത ഒരു ഇഴഞ്ഞു നീങ്ങല്‍.....

അപ്പോഴും ആ ചുകന്ന ദ്രാവകം എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു.

ഒന്ന് മൊത്തി പോകാന്‍ വീണ്ടും ആഗ്രഹിച്ചിരുന്നു.

ഒന്ന് തിരിഞ്ഞു നോക്കി യാത്ര പറയാന്‍ തുനി‍‍‍ഞ്ഞ ഞാന്‍ കണ്ടത് എന്റെ കണ്ണുകള്‍ക്ക് തൃപ്തി പകര്‍ന്നില്ല.

പല തരം നിറങ്ങളാല്‍ സുന്ദരിയായ പാറകള്‍ക്ക് കറുപ്പും വെളുപ്പും നിറം മാത്രം...മരത്തിലെ പല നിറത്തിലുളള ഇലകള്‍ക്ക് പകരം കറുപ്പും വെളുപ്പും മാത്രം....

അവസാനം ഞാന്‍ യാത്ര പറയാന്‍ ആഗ്രഹിച്ച പാനീയം കറുപ്പ് നിറത്തില്‍...... എന്നില്‍ വെറുപ്പുളളവനാക്കിയില്ലേ എന്നൊരു സംശയം.

മനുഷ്യര്‍ സാഹചര്യം എന്ന നാലക്ഷരത്തെ ആധാരമാക്കി വിവിധ വേഷത്തില്‍ ജീവിക്കുന്നു എന്ന തോണ്ടെയ്ക്കിന്റെ സിദ്ധാന്തവും ഈ നിറം മാറലും എന്നെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു.എന്റെ ചിന്താമണ്ഡലത്തെ നിര്‍ജ്ജീവമാക്കി ഞാന്‍ യാത്ര തുടരാന്‍ തീരുമാനിച്ചു.ലേശം

വെറുപ്പോട് കൂടിയാണെങ്കിലും ആ പാനീയം നുകര്‍ന്ന് യാത്ര ആരംഭിച്ചു.

ഒരു യാത്രയുടെ താളം എന്നാല്‍ അതിന്റെ കൃത്യമായ ചലനമാണ്. ഥുള്ളിഹളളി എന്ന ഗ്രാമത്തില്‍ എന്നെ എത്തിച്ച ട്രെയിനിന് അതുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ആ താളത്തിന്റെ കൃത്യത നഷ്ടപ്പെട്ടിരിക്കുന്നു. അത് എന്നെ വീണ്ടും അസ്വസ്ഥനാക്കി. ട്രെയിനിനും അതിന്റെ വെളിച്ചത്തിനും നിറം കറുപ്പും വെളുപ്പും മാത്രമായി ചുരുങ്ങി..കുടി വെളളത്തിനു മാത്രം മാറ്റം സംഭവിച്ചില്ല. അതൊര് ആശ്വാസമായി.

പ്ലാറ്റ് ഫോമിലേയ്ക്ക് ട്രെയ്നിനെ സ്വാഗതം ചെയ്യുമ്പോള്‍ സമയം രാത്രി പത്തു മണി.സിഗരറ്റ് പാതി വഴിയില്‍ എറിയാന്‍ തോന്നിയില്ല. വലിച്ചു വലിച്ചു തീ പഞ്ഞി കൂടു തൊട്ടപ്പോള്‍ ആശ്വാസമായി. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒന്ന് ഇരിക്കാന്‍ മത്സരിക്കുന്നവരുടെ കൂടെ ഞാനും കൂടി. പക്ഷെ ആ ശ്രമം വിഫലമായി.

നിറങ്ങള്‍ക്കായി ഞാന്‍ തിരഞ്ഞു കൊണ്ടേയിരുന്നു.എവിടെയും ആരിലും നിറങ്ങള്‍ കണ്ടില്ല.ആകെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ കാണുന്നതു പോലെ. നിന്ന് ഒന്നുറങ്ങാന്‍ ശ്രമം നടത്താന്‍ തീരുമാനിച്ചു.ഒന്ന് തൂങ്ങിയതേ ഉള്ളു ഒരു സ്ത്രീ എന്നോട് കനിവ് കാണിച്ചു.ആ ഒരിടത്തില്‍, കാരുണ്യത്തില്‍ ഒരു നീണ്ട മയക്കം.

മൊബൈല്‍ ഫോണ്‍ ഒന്നെന്നെ തരിപ്പിച്ചു ഉണര്‍ത്താന്‍ ശ്രമിച്ചു.ഉറക്കം ബ്രേക്ക് ഡൗണ്‍ ആയി.എന്നെ

ശല്യപ്പെടുത്തിയവനാരെന്ന് തിരഞ്ഞപ്പോള്‍ മിഥുന്റെ കറുപ്പും വെളുപ്പും നിറഞ്ഞ മോണ കാട്ടിയ ചിത്രം.

തിരിച്ചു വിളിച്ചപ്പോള്‍ മിഥുന്റെ കനത്ത ശബ്ദം

"നീ ഉറങ്ങിപ്പോയി ല്ല്യേ?

സ്റേറഷനില്‍ കാത്തു നില്ക്കാ ഞാന്‍...

അടുത്ത സ്റേറഷനില്‍ ഇറങ്ങൂ.. ഞാന്‍ അങ്ങോട്ട് വരാം"

സത്യത്തില്‍ അപ്പോഴെനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. കെട്ടിറങ്ങിയതോണ്ടാകാം അതിന് ഭാരം കൂടുതലായിരുന്നു. പിന്നീടുളള ഓരോ നിമിഷങ്ങളും വല്ലാതെ ദൈര്‍ഘ്യമുളളതായി.തൊട്ടടുത്ത സ്റേറഷനില്‍ വണ്ടി നിന്നു. പെട്ടന്നു ലഗ്ഗേജ്മെടുത്തിറങ്ങി.ഇശ്രുതിയുടെ വീട്ടില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ.ഇരുണ്ട വെളിച്ചത്തില്‍, വെളള നിറത്തില്‍ 'ചിങ്ങപുരം' എന്നെഴുതിയ ബോര്‍ഡ് എന്നെ കളിയാക്കി.ഒന്ന് ശ്രദ്ധിച്ചിരുന്നേല്‍ നിനക്ക് ഈ സമയത്ത് അവളുടെ അടുത്ത് എത്താമായിരുന്നില്ലെ എന്ന കളിയാക്കല്‍.

മുടി വലിച്ച് പറച്ച് ദേഷ്യം തീര്‍ത്ത് ഞാനൊരു സിഗരേറ്റ് ചുണ്ടില്‍ തിരുകി കയറ്റാന്‍ ശ്രമിക്കവെ മുന്നില്‍ നിന്നും വരുന്ന അര്‍.പി.എഫുകാരന്റെ നോട്ടം എന്നെ അതില്‍ നിന്നും വിലക്കി.പുറത്തിറങ്ങി തീ കൊളുത്തിയപ്പോള്‍ പിന്നില്‍ കോളറില്‍ പിടി വീണു. ഉളളിലെ ധൈര്യം ചോര്‍ന്നു പോയി. മനസ്സ് പ്രകാശ വേഗത്തെക്കാള്‍ സഞ്ചരിച്ച നിമിഷം.അര്‍.പി.എഫുകാരന്റെ മെലിഞ്ഞൊണങ്ങിയ ശരീരത്തിന്റെ നോട്ടം

മുതല്‍ റെയില്‍വെ കോടതി വരെ മനസ്സില്‍ മിന്നിമറിഞ്ഞു.നിസ്സഹായതയുടെ പരകോടിയില്‍ കയറി ഒരു തിരിഞ്ഞു നോട്ടം. മിഥുന്‍ ആയിരുന്നു അത്.

പൊതുവെ ശാന്തതയുടെ പര്യായമായ മിഥുന്‍ നിയന്ത്രണം വിട്ടപ്പോള്‍ എന്നിലെ ധൈര്യം പൂര്‍ണ്ണമായും ചോര്‍ന്നിരുന്നു.എന്റെ ബാഗും വാങ്ങി എന്റെ മുന്നെ നടന്നപ്പോഴും അവന്‍ ഒന്നും പറഞ്ഞില്ല.

ആ ശാന്തത എന്നെ വല്ലാതെ അസ്വസ്ഥനാക്കി.ഇനി ശ്രുതിയുടെ വീട്ടിലേയ്ക്ക് രണ്ടു കിലോമീറ്റര്‍ മാത്രം.

ബുളളറ്റിന്റെ ശബ്ദം മാത്രമായിരുന്നു നിശ്ശബ്ദതയെ കീറിമുറിച്ചുത്.ആ യാത്ര ജീവിതത്തിനും മരണത്തിനുമിടയ്ക്കുളള ഒരു തൂക്ക് പാലമായിരുന്നുവെങ്കില്‍ എന്നാലോചിച്ച നിമിഷം.

ശ്രുതിയുടെ വീടിന്റെ താഴെ ബുളളറ്റ് നിന്നു. ഇരുപത് പടികള്‍ കയറിയാല്‍ വിശാലമായ ഹാളിലെത്തുന്ന രീതിയില്‍ നിര്‍മ്മിച്ച് വീട്.അവളുടെ ഇഷ്ടത്തിന് അവളുടെ അച്ഛന്റെ സമ്മാനം.ആ ഇരുപത് പടികളിലും ഇരുന്ന് അടി കൂടിയതു് ഓര്‍മയായി. ഓരോ പടികളും എന്നെ അസ്വസ്ഥനാക്കി.ഊര്‍ന്ന് ചിരിക്കുന്ന ശ്രുതിയുടെ മുഖം എന്നെ കരയപ്പിച്ചു തുടങ്ങി.

പ്രണയം, അതിനെന്തെങ്കിലും ഗന്ധം ഉണ്ടായിരുന്നേല്‍ അത് മരണത്തിന്റേതാകുമെന്ന് ഉറക്കെ വിളിച്ചു പറയാന്‍ തോന്നിയ നിമിഷം. ഇരുപതാമത്തെ പടയില്‍ നിന്നും മൂടി പുതച്ച ജീവനറ്റ ശരീരം ഞാന്‍ കണ്ടു.

അവളുടെ ചിരി മായാത്ത മുഖവും. ശ്രുതിയുടെ അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. കണ്ണില്‍ ഈറനണിഞ്ഞു;നിറങ്ങള്‍ മഴവില്ല് ചാര്‍ത്തി തുടങ്ങി

പതുക്കെ എന്നില്‍ നിറങ്ങള്‍ പകര്‍ന്നിറങ്ങി .ഒറ്റ തിരിയുളള നിലവിളക്കിന്റെ നാളം അതിന്റെ തീവ്രത കൂട്ടി. ശ്രുതിയുടെ കൈകളില്‍ ചാര്‍ത്തിയ ഒറ്റ റോസാപ്പൂ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അതിലെ നോട്ടം അവസാനിച്ചത് മിഴി തുറന്ന ശ്രുതിയുടെ മുഖത്തേയ്ക്കായിരുന്നു. വശ്യമായ ആ പുഞ്ചിരി എന്നെ അത്ഭുതപ്പെടുത്തി. അവസാനമായി ‍യാത്ര പറഞ്ഞ് എവിടേയ്ക്കെങ്കിലും ഓടി പോകാന്‍ ഞാന്‍ തീരുമാനിച്ചു. കാല്‍ തൊട്ട് വന്ദിച്ച് പുറത്തേറിങ്ങിയ എന്റെ കൈകളില്‍ പിടുത്തം വീണു. ശ്രുതിയുടെ തണുത്ത കൈകള്‍ എന്റെ കരങ്ങളെ വട്ടമിട്ടു പിടിച്ചു. ഞാന്‍ കൂടി വരുന്നു എന്ന് ആ കൈ വിരലുകള്‍ പറയാതെ പറഞ്ഞു.

ഒന്നുമാലോചിക്കാതെ പടികളിറങ്ങി ഞാന്‍ ഓടി.എന്നിലെ നിറങ്ങള്‍ ഓരോന്നായി അവസാനിച്ചു കൊണ്ടിരുന്നു. ഓട്ടത്തിന് ആക്കം കൂടികൊണ്ടേയിരുന്നു.ഹൃദയമിടിപ്പിന്റെ താളം തായമ്പകയുടെ അവസാന നിമിഷം പോലെ കുതിച്ചവസാനിക്കാനായി.സ്വപ്നങ്ങളുടെ പിറകെ പോയ, സ്വപ്നം കാണല്‍ ഒരു സ്വപ്നമായിരുന്ന എനിക്ക് എന്റെ മനസ്സിലെ നിശ്ശബ്ദ പ്രണയത്തോടൊപ്പം ഒരു സ്വപ്നം. അതോടൊപ്പം ഞാന്‍ ഈ ഭൂമിയില്‍ നിന്നും യാത്രയായിട്ടുണ്ടാകാം. ഒരു പക്ഷെ എന്റെ സ്വപ്നവും ,മരണവും , പ്രണയവും എന്നെക്കാള്‍ അറിയുന്നത് നിങ്ങളാകാം.കാരണം നിങ്ങളിപ്പോഴും ജീവിച്ചിരിക്കുന്നു.





















No comments:

Post a Comment