Sunday, March 23, 2025
കലികൻ
പേരു പോലെ മനോഹരമായ രാജ്യം ; സമൃദ്ധി.
രാജാവും പ്രജകളും തമ്മിൽ സുദൃഢമായ ആത്മബന്ധം പുലർത്തുന്ന കാലം.
താൻ ഏറെ ആരാധിക്കുന്ന രാജാവിന് തന്റെ രണ്ട് പ്രാവുകളെ സമ്മാനിക്കുന്നതിന് ഒരു പ്രജ തയ്യാറായി. തന്റെ ആഗ്രഹം രാജാവിനെ അറിയിക്കുകയും രാജാവ് സന്തോഷപൂർവ്വം അത് സ്വീകരിക്കുകയും ചെയ്തു. അല്പം തടിച്ച ശരീരവും കുറുകിയ കഴുത്തും ചെറിയ കാലുകളും തടിച്ച ചുണ്ടുകളും ഉളള ഊർജ്ജസ്വലരായ പ്രാവുകളെ കണ്ടപ്പോൾ രാജാവിനൊരു ആശയം തോന്നി . കൊട്ടാരത്തിലെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന വേലപ്പനെ രാജാവ് വിളിപ്പിച്ചു.
“ വേലപ്പാ, ഈ രണ്ട് പ്രാവുകൾക്കും നല്ലപോലെ പരിശീലനം കൊടുക്കണം. മറ്റു രാജ്യങ്ങൾക്ക് സന്ദേശം കൈമാറുന്നതിന് അവരെ പ്രാപ്തരാക്കണം“.
“ശരി പ്രഭോ...... “
രണ്ടു പ്രാവുകളെയും കൊട്ടാരം വൈദ്യൻ വന്ന് പരിശോധിച്ചു. ഒരേ പ്രായവും ഒരേ തൂക്കവുമുളള രണ്ട് പ്രാവുകൾ. അവയുടെ ചിറകുകൾക്കും ചുണ്ടുകൾക്കും ഒരേ ശക്തി തന്നെ. പ്രാവുകളെ വേലപ്പന് നൽകുമ്പോൾ കൊട്ടാരം വൈദ്യൻ പറഞ്ഞു.
“ ഒരേ പോലെ ആരോഗ്യവും ഓജസ്സുമുളള രണ്ടു പ്രാവുകളെയാണ് നിന്നെയേൽപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, നിന്റെ ജോലി എളുപ്പമാകും. “
കൊട്ടാരത്തിലെ വളർത്തു മൃഗശാലയിലേയ്ക്ക് പ്രാവുകളെ മാറ്റി.
രാജാവിന്റെ ഇംഗിതം പോലെ തൊട്ടടുത്ത ദിവസം മുതൽ വേലപ്പൻ പ്രാവുകളെ പരിശീലിപ്പിക്കാൻ തുടങ്ങി.
ഒരാഴ്ച കഴിഞ്ഞപ്പോൾ രാജാവ് വേലപ്പനെ വിളിപ്പിച്ച് പ്രാവുകളുടെ പരിശീലനത്തെക്കുറിച്ച് ആരാഞ്ഞു.
“ പ്രഭോ, നൽകുന്ന പരിശീലനങ്ങൾ ഒരു പ്രാവ് ചിട്ടയോടെ ചെയ്യുന്നു. ഗരുഡനോടെന്ന പോലെ ആകാശത്തിൽ പറന്നുയരുന്നുണ്ട്. തടസ്സങ്ങളെ മറികടന്ന് ലക്ഷ്യ സ്ഥാനത്തേയ്ക്കെത്താൻ പഠിച്ചു വരുന്നുണ്ട്. പക്ഷെ... “
“ പറയൂ, എന്തുപറ്റി ? “
വേലപ്പൻ തലതാഴ്ത്തി പറഞ്ഞു.
“രണ്ടാമത്തെ പ്രാവ് ഒന്നും ചെയ്യുന്നില്ല. എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചു. എന്തെങ്കിലും കൂടുതൽ ചെയ്യാൻ എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല. “
വേലപ്പന്റെ മറുപടി രാജാവിനെ സങ്കടത്തിലാക്കി.
തൊട്ടടുത്തുളള രാജ്യത്തെ പരിശീലകരെ വരുത്തിച്ച് പരിശീലനം തുടരാൻ മന്ത്രിയ്ക്ക് രാജാവ് നിർദ്ദേശം നൽകി. തൊട്ടടുത്തുളള രാജ്യത്തെ പരിശീലകർ വന്നു. പക്ഷെ രണ്ടാമത്ത പ്രാവിന് മാറ്റമൊന്നും സംഭവിച്ചില്ല. അലസതയുടെ നിറകുടമായ രണ്ടാമത്തെ പ്രാവിനെ കൊന്ന് കളയണമെന്ന് കൊട്ടാരം നിവാസികൾ അടക്കം പറഞ്ഞു തുടങ്ങി. ഇതെല്ലാം രാജാവിനെ വല്ലാതെ സങ്കടത്തിലാക്കി. രാജാവിന്റെ വിഷമം മനസ്സിലാക്കിയ രാജ്ഞി ഒരു നിർദ്ദേശം വെച്ചു.
“ പ്രഭോ, നമ്മുടെ നാട്ടിൽ മൃഗങ്ങളെ പരിപാലിക്കുന്ന ധാരാളം കർഷകരുണ്ട്. ഒരു വിളംബരം നടത്തിയാൽ ...... ഒരു പക്ഷെ..... “
രാജ്ഞിയുടെ നിർദ്ദേശം സ്വീകരിച്ച് വിളംബരം നടത്തുന്നതിന് രാജാവ് ആജ്ഞാപിച്ചു.
പിറ്റേന്ന് കലികൻ എന്ന കർഷകൻ രാജസദസ്സിൽ ഹാജരായി. രാജാവിന്റെ ഇംഗിത പ്രകാരം അയാൾ രണ്ടാമത്തെ പ്രാവിനെ പരിശീലിപ്പിക്കാൻ തുടങ്ങി. അഞ്ചാമത്തെ ദിവസം രാജാവിനെ തേടി സന്തോഷമുളള വാർത്ത വന്നു.
“ രണ്ടാമത്തെ പ്രാവും പരിശീലനം തുടങ്ങിയിരിയ്ക്കുന്നു. “
രാജാവ് കലികനെ കൊട്ടാരത്തിലേയ്ക്ക് വിളിപ്പിച്ചു. കൈ നിറയെ സമ്മാനങ്ങൾ നൽകി. രാജാവ് ചോദിച്ചു.
“ എന്ത് മായാജാലമാണ് താങ്കൾ കാണിച്ചത് കലികൻ? “
“പ്രഭോ, ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല .
ആദ്യ ദിവസം രണ്ടാമത്തെ പ്രാവിനെ ഞാൻ നിരീക്ഷിച്ചു. അത് മടിയനായത് എന്തുകൊണ്ടാണെന്ന് ഞാൻ മനസ്സിലാക്കി.
രണ്ടാമത്തെ ദിവസം കുറച്ച് ഭക്ഷണം മാത്രം നൽകി.
മൂന്നാമത്തെ ദിവസം സ്വസ്ഥമായി ഉറങ്ങാൻ നൽകിയ കൂട് എടുത്തു മാറ്റി. അതൊടൊപ്പം അലസതയോടെ ഇരുന്നിരുന്ന മരശിഖിരങ്ങൾ ഞാൻ മുറിച്ചു മാറ്റി.
നാലാമത്തെ ദിവസം നിൽക്കക്കള്ളിയില്ലാതെ പ്രാവ് ഒന്നാമത്തെ പ്രാവിനോട് കൂട്ട് കൂടി.
അഞ്ചാമത്തെ ദിവസം രണ്ടാമത്തെ പ്രാവും അങ്ങ് ആഗ്രഹിച്ചതു പോലെ പരിശീലനം തുടങ്ങി. “
കലികന്റെ വാക്കുകൾ അവസാനിച്ചപ്പോൾ രാജാവ് തുടർന്നു.
“ അലസതയ്ക്കുളള ഇന്ധനം അലസത തന്നെയാണ്. ആ ഇന്ധനത്തെ ഇല്ലാതാക്കാൻ കലികന്മാർ വേണം. പുതു തലമുറയിൽ ആരോഗ്യമുളള മനസ്സും ശരീരവും സൃഷ്ടിക്കുന്നതിന് കലികന്റെ സിദ്ധാന്തം നമുക്ക് പ്രയോഗിക്കാം...... “
രാജാവിനോട് യാത്ര പറഞ്ഞ് രാജസദസ്സിൽ നിന്നിറങ്ങിയ കലികന്റെ കൈകളിൽ പിടിച്ച് മന്ത്രി പറഞ്ഞു.
“ കലികൻ, നിങ്ങളെപ്പോലെയുളള അധ്യാപകരെയാണ് ഇന്നിന്റെ സമൂഹത്തിനാവശ്യം..... നന്ദി... “
Subscribe to:
Post Comments (Atom)
No comments:
Post a Comment